ആലുവ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽനിന്ന് ഒരു കോടിയിലേറെ കൈക്കലാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലീമിനെയാ(43)ണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ആലുവ സ്വദേശിയായ വയോധികനെ സലീം ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വയോധികന്റെ പേരിൽ മുംബൈയിലെ ബാങ്കിൽ അക്കൗണ്ടുണ്ടെന്നും ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ഇതുവഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു.
കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് കോടതിയുടേതെന്നു പറഞ്ഞ ഉത്തരവും ഓൺലൈനായി കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി.
ഈ കേസ് പ്രയോറിട്ടി ഇൻവെസ്റ്റിഗേഷനായി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്കു മാറ്റണമെന്നും പറഞ്ഞു. സമ്മർദത്തിലായ വയോധികൻ എട്ടു തവണയായി 1.20 കോടി സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുനൽകി.
സംഭവം തട്ടിപ്പാണെന്നു മനസിലാക്കിയപ്പോൾ പോലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർ പോലീസ് സ്റ്റേഷനിലെ സംഘം മലപ്പുറത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.